സക്കറിയയുടെ തേൻ- മാജിക്കൽ റിയലിയസത്തിന്റെ ഉത്തരാധുനിക വേർഷൻ

then_sakkariah_cover

മലയാളത്തിന്റെ  പ്രിയ കഥാകാരനായ സക്കറിയ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് ഒരു സുന്ദരകഥ സമർപ്പിച്ചിരിക്കുകയാണ് –   തേൻ. പേരു പോലെ തന്നെ മാധുര്യമൂറുന്ന ഒരു കഥയാണ്  മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ  പ്രസിദ്ധീകരിച്ച തേൻ. ലളിതസുന്ദരമായ വാക്കുകള്‍ കൊണ്ട് വായനക്കാരനെ ആഹ്ലാദിപ്പിക്കുന്ന കഥാകൃത്ത്‌ മധുരത്തോടൊപ്പം കാലിക പ്രസക്തമായ പല ആകുലതകളും വരച്ചുകാട്ടുന്നു .

ഒരു  മനുഷ്യസ്ത്രീയുടെ പ്രണയം കാമിച്ചു കഴിയുന്ന നിഷ്കളങ്കഹൃദയനും സുന്ദരനും അരോഗദൃഢഗാത്രനുമായ ഒരു കരടിയാണ് കഥാനായകന്‍. സസ്യലതാദി-ജന്തു ജീവി വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ കാട് ആണ് കഥാപശ്ചാത്തലം. കഥയില്‍  ഇഴജീവികളും ഇരുകാലികളും തമ്മിലുള്ള താരതമ്യനിരീക്ഷണം ശ്രദ്ധിക്കുക: “ഇവരും നാമുമായി രണ്ടു പ്രധാന വ്യത്യാസങ്ങളുണ്ട്. ഒന്ന് ഇവര്‍ വാലാട്ടുന്നത് യുദ്ധക്കളത്തിലും ഇരപിടിക്കുമ്പോഴും  പ്രണയിക്കുമ്പോളുമാണ്. നമ്മള്‍ വാലാട്ടുന്നത് മന്ത്രി, മതാധികാരി തുടങ്ങിയവരെ കാണുമ്പോഴാണ്. നാം ഇഴയുന്നതും അപ്പോഴാണ്‌. ഇവര്‍ ഇഴയുന്നത് ജീവിതവുമായി മുന്നോട്ട് പോകാനാണ്.”

തന്റെ കാമിനിയെ കണ്ടെത്തുന്നതിലുള്ള ആശയക്കുഴപ്പങ്ങളുമായി കരടി ദൈവത്തിനെ സമീപിക്കുകയാണ്. ഈ ഭാഗത്ത്‌, ബഷീര്‍ക്കഥയിലെ “സ്ഥലത്തെ പ്രധാന ദിവ്യ”നായ കണ്ടമ്പറയനിലേക്ക് ദൈവത്തിനെ ആരോപിച്ച് കൊണ്ട് വായനക്കാരെ കുറച്ചു സമയം നൊസ്റ്റാള്‍ജിക്ക് ആക്കുന്നു സക്കറിയ. ശേഷം ദൈവത്തിന്റെ അരുളപ്പാട് വ്യാഖ്യാനിച്ചു, ഒരു തേന്‍കൊതിച്ചിപെണ്ണ്  ആയിരിക്കണം  തന്റെ ഇണ എന്ന് കരടി തീരുമാനിക്കുന്നു. അങ്ങനെ തേന്‍ കൊതിച്ചിയും സര്‍വാംഗസുന്ദരിയുമായ ഒരു പെണ്ണിനെ കണ്ടു പിടിക്കുന്നു നായകന്‍. അങ്ങനെ പ്രണയവിവശനായ കരടിക്ക് മനുഷ്യസ്ത്രീയോടു സംവദിക്കാന്‍ മനുഷ്യഭാഷയും മനുഷ്യഭാവവും കൈവരുന്നു.  ഭീകരസത്വങ്ങളെപ്പോലും ദേവകിന്നരന്മാരാക്കുന്ന ശക്തിയാണല്ലോ പ്രണയം!

പക്ഷെ സുന്ദരിനായിക നവകേരള പെണ്തലമുറയുടെ പ്രതീകമാണ്. വളരെ സെലെക്ടീവ് ആണ് അവള്‍. അവളുടെ ആദര്‍ശ പുരുഷ സങ്കല്പങ്ങള്‍ തന്നെ ഇപ്പറഞ്ഞതിനുദാഹരണമാണ്. എന്നിരുന്നാലും സദ്ഗുണസമ്പന്നനും മാനുഷികമായ യാതൊരു ദുശീലമില്ലാത്തവനും  സര്‍വ്വോപരി വന്യമായി  ഭോഗിക്കുന്നവനുമായ  കരടിയെ വേള്‍ക്കാന്‍ ഏത് പെണ്ണാണാഗ്രഹിക്കാത്തത്!

കഥയ്ക്ക്‌ ഇല്ലസ്ട്രേഷന്‍ ചെയ്തിട്ടുള്ള ദേവപ്രകാശിന്റെ വര്‍ണശബളമായ ചിത്രങ്ങള്‍ കാടിന് മിഴിവേകുന്നു. കരടിയുടെ പ്രണയവും പ്രതീക്ഷയും തുളുമ്പുന്ന കണ്ണുകള്‍ വരച്ച  ദേവപ്രകാശ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ആഖ്യാനരീതിയിലെ വ്യത്യസ്ഥതകള്‍ കൊണ്ട് മലയാളികളെ എക്കാലത്തും വിസ്മയിപ്പിച്ച കഥാകാരന്‍ “തേന്‍” എന്ന തന്റെ പുതിയ കഥയിലും  വേറിട്ട ഒരു ശൈലി സ്വീകരിച്ചിരിക്കുന്നു. മാജിക്കല്‍ റിയലിസത്തിന്റെ ഒരു ഉത്തരാധുനിക വെര്‍ഷന്‍ ആയി തോന്നി ഈ കഥ. കരടി, മനുഷ്യപെണ്ണിനെ കല്യാണം കഴിക്കുന്നതിനെപ്പറ്റിയുള്ള അമേരിന്ത്യന്‍ ഗോത്രകഥകളെ ഓര്‍മിച്ചു കൊണ്ട് എഴുതിയ “തേനി”നെ പോലെ മധുവൂറും കഥകള്‍ ഇനിയും സക്കറിയയില്‍ നിന്നും പ്രതീക്ഷിക്കുന്നു.

This slideshow requires JavaScript.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s