ജീവന്റെ വിലയുള്ള ജനകീയ പ്രതിരോധങ്ങൾ

plac-copy

പ്ലാച്ചിമട ഒരു പ്രതീകമാണ്‌, ഒരുദാഹരണമാണ്. നാടിന്റെ നാരായവേരറുക്കാൻ ത്രാണിയുള്ള ഒരു കോർപ്പറേറ്റ് അതികായനെ എങ്ങനെയാണ് ഒരു ജനതയുടെ സുധീരമായ ചെറുത്തുനിൽപ്പ് കെട്ടുകെട്ടിച്ചത് എന്നതിന്റെ ഉത്തമോദാഹരണം. പ്ലാച്ചിമടക്കാരുടെ ഈ പ്രതിരോധത്തിന് അവരുടെ ജീവന്റെ വിലയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് ഈ സമരം ജയിച്ചേ മതിയാകുമായിരുന്നുള്ളൂ.

നാടിന്റെ പരിസ്ഥിതിയെയും ജൈവസമ്പത്തിനേയും ജലവിഭവങ്ങളെയും താറുമാറാക്കാൻ പോന്ന പദ്ധതികൾ വികസനത്തിന്റെയും തൊഴിൽ ലഭ്യതയുടെയും കപട മുഖംമൂടി അണിഞ്ഞു ജനങ്ങളെ വഞ്ചിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വേണ്ടത്ര മുൻ പഠനങ്ങളില്ലാതെ പല വാണിജ്യ ഭീമന്മാർക്കും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കാൻ പച്ചക്കൊടി കാണിക്കുന്നത് ഉത്തരവാദപ്പെട്ട ഭരണത്തലവന്മാർ തന്നെയാണ്. ഒരു പ്രദേശത്തെ ഭൂസമ്പത്ത്‌ അവിടത്തെ ജനങ്ങൾക്ക് കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും വേണ്ടിയുള്ളതാണെന്ന കേവലമായ യാഥാര്‍ത്ഥ്യത്തെപ്പോലും കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ ഇത് പോലെയുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. ഇത് നാടിനും നാട്ടാർക്കും ദൂരവ്യാപകമായ കഷ്ടനഷ്ടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന പരിസ്ഥിതി സംഘടനകളുടെ ഉപദേശം പോലും പലപ്പോഴും അവർ ചെവിക്കൊള്ളാറില്ല.

ഇങ്ങനെയൊരു സന്ദർഭത്തിലാണ് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന ഗ്രാമത്തിൽ കൊക്കക്കോള കമ്പനി രംഗപ്രവേശം ചെയ്തത്.അധികം വൈകാതെ തന്നെ നാട്ടുകാർ അതിന്റെ ഭവിഷ്യത്ത്‌ തിരിച്ചറിയാൻ തുടങ്ങി. കിണറുകളിലെ ജലവിതാനം താഴ്ന്നുകൊണ്ടിരുന്നപ്പോളും കമ്പനിയെ ആരും തുടക്കത്തിൽ സംശയിച്ചിരുന്നില്ല. ക്രമവും സൂക്ഷ്മവുമായ പഠനങ്ങളെത്തന്നെ ആശ്രയിച്ചാണ് പ്രതിയെ സ്ഥിരീകരിച്ചത്. ഇവിടെയാണ് പരിസ്ഥിതി സാക്ഷരതയുടെ പ്രാധാന്യം. ഞാൻ മനസ്സിലാക്കുന്നത് “പഠിപ്പും വിവരവുമില്ലാത്തവർ” എന്ന അപകർഷവും പേറി, വികസനവിരോധികൾ എന്ന് മുദ്ര കുത്തപ്പെടുമോ എന്ന് പോലും ശങ്കിച്ച്, പാർശ്വവത്കരിക്കപ്പെടുന്ന, അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടേക്കാവുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും ജീവിക്കുന്നുണ്ട്.ഈ ബോധത്തെയാണ് കുത്തകഭീമന്മാരും കോർപ്പറേറ്റുകളും കാലാകാലങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നത്.

ആഗോളതലത്തിൽ തന്നെ മേല്പറഞ്ഞ പ്രവണതക്ക് ഉദാഹരണങ്ങളുണ്ട്. അതേ കാരണത്താൽ, കായികമായി അടിച്ചമർത്തുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു വളരെ മുൻപ് തന്നെ അവർ ഈ പാവങ്ങളുടെ പൊതുബോധത്തെ മാനസികമായി അടിച്ചമർത്തുന്നു. അതോടെ കാര്യങ്ങൾ അവർക്കു കുറേക്കൂടി എളുപ്പമാകുന്നു.

സംഗതികളിങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ രാഷ്ട്രീയപ്രവർത്തകർക്കിടയിൽ കക്ഷിരാഷ്ട്രീയഭേദമന്യേ ഉയർന്ന ബൗദ്ധികനിലവാരവും സ്വാർത്ഥലാഭേച്ഛയില്ലാത്തവരുമായ പലരും ഉള്ളത് ആശാവഹമാണ്. അത് പോലെ തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള കലാസാഹിത്യസാംസ്കാരികരംഗത്തെ പ്രമുഖരുടെ ദേശീയ ശ്രദ്ധയോ, ആഗോള ശ്രദ്ധ തന്നെയോ ആകർഷിക്കാൻ പോന്ന ഇടപെടലുകൾ നടക്കുന്നതും പ്രതീക്ഷയുണർത്തുന്നതാണ്.

അങ്ങനെ എല്ലാവരും ഒരൊറ്റ ചിന്തയോടെ, ഒരൊറ്റ മനസ്സോടെ സദാ ഉണർന്നു പ്രവർത്തിച്ച സമരമനസ്സാണ് പ്ലാച്ചിമടയുടേത്. ഈ ജനകീയ പ്രതിരോധത്തിന് അവരുടെ ജീവന്റെ-ഒരു പക്ഷെ അതിനേക്കാൾ വിലയുണ്ട്. അത് കൊണ്ട് തന്നെയാണ് പ്ലാച്ചിമട മഹത്തായ അതിജീവനത്തിന്റെ പാഠമായി ലോകഭൂപടത്തില്‍ തലയുയർത്തിതന്നെ നില്കുന്നത്.

(Image courtesy : http://www.reporterlive.com)

Advertisements