കോളിലെ കിളിയൊച്ചകൾക്ക് കാതോർത്ത്…

20914449_1411252778910748_6820253139763994766_n ഇനിയല്‍പ്പം വിശ്രമം: തൊമ്മാന കോളില്‍ പറന്നിറങ്ങുന്ന പാതിരാകൊക്ക് (Black Crowned Night Heron). പക്ഷിനിരീക്ഷകനായ റാഫി കല്ലേറ്റുംകര പകര്‍ത്തിയ ചിത്രം.

ഭൂമിയുടെ ശ്വാസകോശങ്ങൾ മഴക്കാടുകളെങ്കിൽ, ഭൂമിയുടെ വൃക്കകളാണ് തണ്ണീർത്തടങ്ങൾ. തണ്ണീർത്തടങ്ങളുടെ ഈ പ്രാധാന്യത്തെക്കരുതിയാണ് 1971ൽ ഇറാനിലെ റാംസാറിൽ നടന്ന യുനെസ്കോയുടെ ഉടമ്പടി പ്രകാരം ചില തണ്ണീർത്തടങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് പരിപാലിച്ച് പോരുന്നത്. അത്തരമൊരു പ്രദേശമാണ് വർഷത്തിൽ ഏതാണ്ട് ആറ് മാസവും കോൾകൃഷിക്കായി പ്രയോജനപ്പെടുത്തുന്ന തൃശൂർ കോൾമേഖലയിലുൾപ്പെട്ട മുരിയാട് കായൽ. വർഷക്കാലത്തു പെയ്യുന്ന മഴയെ മുഴുവൻ സംഭരിച്ച്, വൃക്കകളെന്ന പോലെ ശുദ്ധീകരിച്ച്, പുഴയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ഒഴുക്കിനെ നിയന്ത്രിച്ച് പരിരക്ഷിക്കുന്ന ഈ ശുദ്ധജലതടാകം ഒട്ടനേകം ജീവികളുടെ ആവാസവ്യവസ്ഥയാണ്, ജൈവവൈവിധ്യത്തിന്റെ കലവറയാണ്.

ഇരിങ്ങാലക്കുടയിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ മാറിയാണ് മുരിയാട്-തൊമ്മാന കോള്‍പാടങ്ങൾ സ്ഥിതി ചെയുന്നത്. പക്ഷികളുടെ പറുദീസ എന്ന് തന്നെ ഈ പ്രദേശത്തെ നമുക്ക് വിശേഷിപ്പിക്കാം. ഇവിടെ വന്നാല്‍ കൊക്കലുകളും കുറുകലുകളും മൂളലുകളും ചിലയ്ക്കലുകളും ചൂളം വിളികളും ചേര്‍ന്ന കോള്‍പക്ഷികളുടെ ജുഗല്‍ബന്ദി കേള്‍ക്കാം. ജലപ്പരപ്പിലൂടെ തെന്നിത്തെറ്റിപ്പായുന്ന നാടന്‍ താമരക്കോഴിയെയും, കായല്‍ക്കാറ്റിനോട് ചെറുത്ത് നീണ്ട പുല്‍നാമ്പിന്‍ തലപ്പത്ത് ആടിക്കളിക്കുന്ന താലിക്കുരുവിയെയും, ഏകാഗ്രചിത്തനായി വെള്ളത്തില്‍ തപസ്സു ചെയ്യുന്ന ചായമുണ്ടിയെയും, മുങ്ങാംകുഴിയിട്ടു മീനിനെ കുത്തിക്കോർത്തെടുത്ത്‌ മുകളിലേക്ക് എറിഞ്ഞു പിടിച്ച് വായിലാക്കുന്ന ചേരക്കോഴികളെയും, ഇമ വെട്ടാതെ കാത്തിരുന്ന് വെള്ളത്തിലേക്ക്‌ കൂപ്പു കുത്തി ഇരയുമായി ഉയര്‍ന്നു പൊങ്ങുന്ന പോടിപ്പൊന്മാനിനെയും, സംഗീതസദിര് തീര്‍ക്കുന്ന ബുൾബുളുകളെയും, സദാസമയ ബഹളക്കാരായ തിത്തിരിപ്പക്ഷികളെയും, ചൂളം കുത്തിപ്പറക്കുന്ന ചൂളന്‍ എരണ്ടകളെയും നീന്തിത്തിമിര്‍ക്കുന്ന പച്ച എരണ്ടകളെയും കാണാം.

മഴക്കാലത്തു കിഴക്കന്‍ മലനിരയിലൂടെയും കുറുമാലിപ്പുഴയിലൂടെയും ഒഴുകി വരുന്ന വെള്ളം ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ്‍ വഹിച്ചു കൊണ്ടാണ് വരുന്നത് . ഒഴുക്കുവെള്ളത്തോടൊപ്പം സമൃദ്ധമായി ഊത്തമീനുകള്‍, ഞണ്ട്, ഞവണിക്ക തുടങ്ങിയ ജലജീവികളും മറ്റു കീടങ്ങളും മുരിയാട് കായലിലേക്ക് യഥേഷ്ടം വന്നു ചേരുന്നു. ഇവയെല്ലാമാണ് നൂറു കണക്കിന് കോള്‍പക്ഷികള്‍ക്ക് സദ്യയൊ രുക്കുന്നത്. കണക്കു പരിശോധിക്കുകയാണെങ്കില്‍ തദ്ദേശവാസികളും ദേശാടകരുമായി 250ല്‍ പരം സ്പീഷീസ് പക്ഷികളെയാണ് മുരിയാട്-തൊമ്മാന കോള്‍പ്പടവുകളില്‍ കണ്ടെത്തിയിട്ടുള്ളത്.

ആര്‍ടിക് സമുദ്രം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള യൂറേഷ്യന്‍ ഭൂഖണ്ഡപ്രദേശം ഉള്‍പ്പെടുന്ന, ദേശാടനപ്പക്ഷികളുടെ ആകാശവഴിത്താരയായ സെന്‍ട്രല്‍ ഏഷ്യന്‍ ഫ്ലൈവേയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് മുരിയാട് കായല്‍. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ പുതിയതായി എട്ടിനം ദേശാടനപക്ഷികളെ പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കോമണ്‍ കുക്കൂ(Common cuckoo), ഹ്യൂംസ് വൈറ്റ് ത്രോട്ട്(Hume’s whitethroat) , യൂറേഷ്യന്‍ റൈനെക്ക് (Eurasian wryneck) അഥവാ കഴുത്തു പിരിയന്‍ പക്ഷി, സൈബീരിയന്‍ സ്റ്റോണ്‍ ചാറ്റ്(Siberian stonechat), ബ്ലൂ ത്രോട്ട് (Bluethroat), കോംബ് ഡക്ക്(Comb duck) എന്ന മുഴയന്‍ താറാവ്, വൈറ്റ് സ്റ്റോര്‍ക്ക് (White stork) , യൂറേഷ്യന്‍ വിജന്‍ (Eurasian wigeon) എന്നിവയാണ് അവ.

പ്രശസ്ത ഐറിഷ് സാഹിത്യകാരന്‍ റോബര്‍ട്ട്‌ ലിന്‍ഡ് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ – “പക്ഷികളെ ദര്‍ശിക്കണമെങ്കില്‍ നിശബ്ദതയുടെ ഒരു ഭാഗമാകുക തന്നെ വേണം”. വരൂ, നമുക്കാ നിശബ്ദതയുടെ ഭാഗമാകാം. ശാന്തരായി ശ്രവിക്കാം. കോളിലെ കിളിയൊച്ചകള്‍ക്ക് കാതോര്‍ത്തിരിക്കാം.

Advertisements

ജീവന്റെ വിലയുള്ള ജനകീയ പ്രതിരോധങ്ങൾ

plac-copy

പ്ലാച്ചിമട ഒരു പ്രതീകമാണ്‌, ഒരുദാഹരണമാണ്. നാടിന്റെ നാരായവേരറുക്കാൻ ത്രാണിയുള്ള ഒരു കോർപ്പറേറ്റ് അതികായനെ എങ്ങനെയാണ് ഒരു ജനതയുടെ സുധീരമായ ചെറുത്തുനിൽപ്പ് കെട്ടുകെട്ടിച്ചത് എന്നതിന്റെ ഉത്തമോദാഹരണം. പ്ലാച്ചിമടക്കാരുടെ ഈ പ്രതിരോധത്തിന് അവരുടെ ജീവന്റെ വിലയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് ഈ സമരം ജയിച്ചേ മതിയാകുമായിരുന്നുള്ളൂ.

നാടിന്റെ പരിസ്ഥിതിയെയും ജൈവസമ്പത്തിനേയും ജലവിഭവങ്ങളെയും താറുമാറാക്കാൻ പോന്ന പദ്ധതികൾ വികസനത്തിന്റെയും തൊഴിൽ ലഭ്യതയുടെയും കപട മുഖംമൂടി അണിഞ്ഞു ജനങ്ങളെ വഞ്ചിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വേണ്ടത്ര മുൻ പഠനങ്ങളില്ലാതെ പല വാണിജ്യ ഭീമന്മാർക്കും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കാൻ പച്ചക്കൊടി കാണിക്കുന്നത് ഉത്തരവാദപ്പെട്ട ഭരണത്തലവന്മാർ തന്നെയാണ്. ഒരു പ്രദേശത്തെ ഭൂസമ്പത്ത്‌ അവിടത്തെ ജനങ്ങൾക്ക് കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും വേണ്ടിയുള്ളതാണെന്ന കേവലമായ യാഥാര്‍ത്ഥ്യത്തെപ്പോലും കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ ഇത് പോലെയുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. ഇത് നാടിനും നാട്ടാർക്കും ദൂരവ്യാപകമായ കഷ്ടനഷ്ടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന പരിസ്ഥിതി സംഘടനകളുടെ ഉപദേശം പോലും പലപ്പോഴും അവർ ചെവിക്കൊള്ളാറില്ല.

ഇങ്ങനെയൊരു സന്ദർഭത്തിലാണ് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന ഗ്രാമത്തിൽ കൊക്കക്കോള കമ്പനി രംഗപ്രവേശം ചെയ്തത്.അധികം വൈകാതെ തന്നെ നാട്ടുകാർ അതിന്റെ ഭവിഷ്യത്ത്‌ തിരിച്ചറിയാൻ തുടങ്ങി. കിണറുകളിലെ ജലവിതാനം താഴ്ന്നുകൊണ്ടിരുന്നപ്പോളും കമ്പനിയെ ആരും തുടക്കത്തിൽ സംശയിച്ചിരുന്നില്ല. ക്രമവും സൂക്ഷ്മവുമായ പഠനങ്ങളെത്തന്നെ ആശ്രയിച്ചാണ് പ്രതിയെ സ്ഥിരീകരിച്ചത്. ഇവിടെയാണ് പരിസ്ഥിതി സാക്ഷരതയുടെ പ്രാധാന്യം. ഞാൻ മനസ്സിലാക്കുന്നത് “പഠിപ്പും വിവരവുമില്ലാത്തവർ” എന്ന അപകർഷവും പേറി, വികസനവിരോധികൾ എന്ന് മുദ്ര കുത്തപ്പെടുമോ എന്ന് പോലും ശങ്കിച്ച്, പാർശ്വവത്കരിക്കപ്പെടുന്ന, അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടേക്കാവുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും ജീവിക്കുന്നുണ്ട്.ഈ ബോധത്തെയാണ് കുത്തകഭീമന്മാരും കോർപ്പറേറ്റുകളും കാലാകാലങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നത്.

ആഗോളതലത്തിൽ തന്നെ മേല്പറഞ്ഞ പ്രവണതക്ക് ഉദാഹരണങ്ങളുണ്ട്. അതേ കാരണത്താൽ, കായികമായി അടിച്ചമർത്തുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു വളരെ മുൻപ് തന്നെ അവർ ഈ പാവങ്ങളുടെ പൊതുബോധത്തെ മാനസികമായി അടിച്ചമർത്തുന്നു. അതോടെ കാര്യങ്ങൾ അവർക്കു കുറേക്കൂടി എളുപ്പമാകുന്നു.

സംഗതികളിങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ രാഷ്ട്രീയപ്രവർത്തകർക്കിടയിൽ കക്ഷിരാഷ്ട്രീയഭേദമന്യേ ഉയർന്ന ബൗദ്ധികനിലവാരവും സ്വാർത്ഥലാഭേച്ഛയില്ലാത്തവരുമായ പലരും ഉള്ളത് ആശാവഹമാണ്. അത് പോലെ തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള കലാസാഹിത്യസാംസ്കാരികരംഗത്തെ പ്രമുഖരുടെ ദേശീയ ശ്രദ്ധയോ, ആഗോള ശ്രദ്ധ തന്നെയോ ആകർഷിക്കാൻ പോന്ന ഇടപെടലുകൾ നടക്കുന്നതും പ്രതീക്ഷയുണർത്തുന്നതാണ്.

അങ്ങനെ എല്ലാവരും ഒരൊറ്റ ചിന്തയോടെ, ഒരൊറ്റ മനസ്സോടെ സദാ ഉണർന്നു പ്രവർത്തിച്ച സമരമനസ്സാണ് പ്ലാച്ചിമടയുടേത്. ഈ ജനകീയ പ്രതിരോധത്തിന് അവരുടെ ജീവന്റെ-ഒരു പക്ഷെ അതിനേക്കാൾ വിലയുണ്ട്. അത് കൊണ്ട് തന്നെയാണ് പ്ലാച്ചിമട മഹത്തായ അതിജീവനത്തിന്റെ പാഠമായി ലോകഭൂപടത്തില്‍ തലയുയർത്തിതന്നെ നില്കുന്നത്.

(Image courtesy : http://www.reporterlive.com)

പെണ്‍കുട്ടിയെ (ആണ്‍കുട്ടിയെയും) പഠിപ്പിക്കേണ്ടത്..

photocredits-pulpghouls-clearcut

നമ്മുടെ പെണ്‍കുട്ടികളെ തന്റേടമുള്ള  സ്ത്രീകളാക്കി പാകപ്പെടുത്തുന്ന ഒരു സാമൂഹിക ചുറ്റുപാട് വരണം. രാത്രിയും ഇരുട്ടും എത്ര മേല്‍  ആണുങ്ങളുടെതാണോ അത്ര തന്നെ പെണ്ണുങ്ങളുടേതുമാണെന്ന് അവരെ പഠിപ്പിക്കണം. രാത്രിയിലെ, ഇരുളിലെ കാട്ടുമാക്കാന്‍-കോക്കാന്‍പൂച്ചപ്പേടികള്‍ കുത്തി വെക്കാതെ അവരെ അപകടങ്ങള്‍ക്കെതിരെ ജാഗരൂകരാക്കാന്‍ പ്രാപ്തരാക്കണം.

രാത്രിയില്‍ കടവാവലുകള്‍ മാത്രമല്ല, മനോഹരപൌര്‍ണമികളും  ആമ്പല്‍പ്പൂവിടരലുകളും മുല്ലപ്പൂവാസനകളും മിന്നാമിന്നിക്കൂട്ടങ്ങളും ഉണ്ടെന്നു പറഞ്ഞു കൊടുക്കണം. ഇരു കൂട്ടര്‍ക്കും ലിംഗസമത്വതിന്റെയും  പരസ്പരബഹുമാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു കൊടുക്കണം. ഒപ്പം തന്നെ അതിര്‍വരമ്പുകള്‍ കെട്ടേണ്ടിടത്ത് കൃത്യമായി അതിര്‍വരമ്പുകള്‍ കെട്ടാനും അവയെ അതിലംഘിക്കാന്‍ ആരെയും അനുവദിക്കാതിരിക്കാനും അവരെ പഠിപ്പിക്കണം.

പ്രതിരോധത്തിന്റെ പാഠങ്ങള്‍ ചെറുപ്പത്തിലേ അവരെ പഠിപ്പിക്കണം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തങ്ങളുടെ നേര്‍ക്ക്‌ നീളുന്ന കാമവെറിക്കണ്ണുകളില്‍ കനല്‍നോട്ടങ്ങളുടെ കഠാര കുത്തിയിറക്കാന്‍ അവരെ ബോധ്യപ്പെടുത്തണം.

തങ്ങള്‍ക്കു നേരെ നീളുന്നത് സഹായ ഹസ്തങ്ങളാണെങ്കില്‍ സ്വീകരിക്കാനും കരാളഹസ്തങ്ങളാണെങ്കില്‍ അരിഞ്ഞു കളയാനും അവളുടെ കൈകള്‍ക്ക് കരുത്തു പകരണം. ആണിടങ്ങളോ പെണ്ണിടങ്ങളോ അല്ല, മറിച്ചു പൊതു ഇടങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് വരും തലമുറക്കെങ്കിലും പറഞ്ഞു കൊടുക്കണം. സര്‍വോപരി ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ടെന്നും നിഷ്കളങ്കരായ പുരുഷഹൃദയങ്ങളെ ചൂഷണം ചെയ്യരുതെന്നും അവരെ പ്രത്യേകം പഠിപ്പിക്കണം!

[PC: pulpghouls-clearcut]