രാഗവിചാരങ്ങള്‍ – 2

ragavicharangal_naatta_thyagaraja_thurannezhuthu

                                           വാത്സല്യരൂപിണീ നാട്ട

വാത്സല്യം തുളുമ്പുന്ന രാഗമാണ് നാട്ട രാഗം. ഒപ്പം ഭക്തിയും  പ്രതിഫലിപ്പിക്കുന്നു. ചടുലമായ കീര്‍ത്തനങ്ങളും ഗാനങ്ങളുമാണ് നാട്ടയില്‍ കണ്ടു വരാറുള്ളത്. വീരരസമാണ്  നാട്ട രാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

36മതു് മേളകര്‍ത്താരാഗമായ ‘ചലനാട്ട’യുടെ ജന്യരാഗമാണു് നാട്ട. ഋഷഭസ്വരമാണ് ജീവസ്വരം .
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിപമരിസ
.
ഏറെ സുപ്രസിദ്ധമായ “ജഗദാനന്ദകാരകാ” എന്ന ത്യാഗരാജകൃതി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ശ്രീരാമന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്ന, ത്യാഗരാജസ്വാമികളുടെ
പഞ്ചരത്നകൃതിയിലെ ഈ കീര്‍ത്തനം സംഗീതം കൊണ്ട് മാത്രമല്ല സാഹിതീഗുണം കൊണ്ടും സമ്പന്നമാണ്. മറ്റു ത്യാഗരാജകൃതികളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും
സംസ്കൃതത്തിലാണ്‌ പ്രസ്തുത കൃതി രചിക്കപ്പെട്ടിട്ടുള്ളത്. അത് പോലെ തന്നെ മുത്തുസ്വാമി ദീക്ഷിതരുടെ മഹാഗണപതിം, സ്വാമിനാഥപരിപാലയ എന്നീ കൃതികള്‍
രചിച്ചിരിക്കുന്നതും നാട്ടയിലാണ്. നാട്ട ഒരു തൃസ്ഥായിരാഗമായി പറയപ്പെടാറുണ്ട്. ഗണേശ സ്തുതികള്‍ ഒരുപാട് നാട്ടരാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

നാട്ട രാഗത്തില്‍ കുറേ ചലച്ചിത്രഗാനങ്ങള്‍ ഉണ്ട്. ‘ഇരുവര്‍’ എന്ന മണിരത്നം ചിത്രത്തിലെ “നറുമുഖൈയെ” എന്ന പാട്ട് നമ്മുടെ ഓര്‍മയില്‍ എക്കാലവും ഉണ്ടാവും.
കര്‍ണാടക സംഗീതത്തിന്റെ സാധ്യതകള്‍ സിനിമാപ്പാട്ടില്‍ സന്നിവേശിപ്പിക്കാന്‍ ഉള്ള എ ആര്‍ റഹ്മാന്റെ പ്രാഗത്ഭ്യം ഈ പാട്ടില്‍ കാണാം. ഉണ്ണികൃഷ്ണന്‍ പാടിയ ഭാഗം
നാട്ടയിലും ബോംബെ ജയശ്രീ പാടിയ ഭാഗം ഗംഭീരനാട്ടയിലുമാണ് ചെയ്തിരിക്കുന്നത്. വൈരമുത്തുവിന്‍റെ മനോഹരവരികള്‍ പാട്ടിന്റെ മാറ്റ് കൂട്ടുന്നു.
സംഗീതസംവിധായകന്‍ ദേവയുടെ പ്രിയപ്പെട്ട രാഗങ്ങളില്‍ ഒന്നായിരുന്നു നാട്ട. “ഭാഷ” എന്ന രജനിപ്പടത്തിലെ “തങ്കമകന്‍ ഇന്ട്രു” അതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ
മകന്‍ ശ്രീകാന്ത് ദേവ “ചെന്നൈ സെന്തമിഴ്” (എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി) എന്ന ഗാനം ചെയ്തിരിക്കുന്നതും നാട്ടയിലാണ്. മറ്റൊരു ജനപ്രിയ നാട്ട ഗാനമാണ്
“അയ്യന്‍ഗാര് വീട്ട് അഴകേ”. അന്യന്‍ എന്ന ഷങ്കര്‍ ചിത്രത്തിന് വേണ്ടി കമ്പോസ് ചെയ്തത് ഹാരിസ് ജയരാജ്‌.

മലയാളസിനിമയിലും കുറച്ചു പാട്ടുകളുണ്ട് നാട്ടയില്‍ – ‘ശ്രീരാമനാമം’ (നാരായം-ജോണ്‍സന്‍), ‘ഗോപാംഗനേ’ (ഭരതം-രവീന്ദ്രന്‍), ‘പൊന്‍പുലരൊളി പൂവിതറിയ’
(ഇത്തിരിപ്പൂവേ ചുവന്ന പൂവേ-രവീന്ദ്രന്‍), ‘തിരുവരങ്ങില്‍’ (ഉടയോന്‍-ഔസേപ്പച്ചൻ).

നാട്ടരാഗത്തിലെ ഗാനങ്ങള്‍ പാടി ഫലിപ്പിക്കാന്‍ പൊതുവേ ബുദ്ധിമുട്ടാണ്. ആലപിക്കാന്‍ നല്ല ശ്വാസനിയന്ത്രണവും വേണം.

 

Advertisements

രാഗവിചാരങ്ങള്‍ – 1

photocredits-music-castle-in

ആഹ്ലാദപ്രദായിനി രീതിഗൌള  🙂

മനസ്സില്‍ ആഹ്ലാദാതിരേകത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്ന രാഗമാണ് രീതിഗൌള. അളവറ്റ ആര്‍ദ്രതയോടെ ഒരു കാമിനി തന്റെ പ്രാണപ്രിയന്റെ കാതില്‍ മന്ത്രിക്കുന്ന മധുരത്തേന്‍മൊഴികളായും, മറ്റു ചിലപ്പോള്‍, പിരിയാന്‍ നേരമായിട്ടും മധുവൂറും മുഹൂര്‍ത്തങ്ങള്‍ മതിയാകാതെ തെല്ലിട കൂടി കാത്തു നില്ക്കാന്‍ പ്രേയസിയോട് കെഞ്ചുന്ന കാമുകസ്വരമായുമാണ് രീതിഗൌളയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക്‌ അനുഭവപ്പെടാറുള്ളത് .

ഇരുപത്തിരണ്ടാമതു മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ  ജന്യരാഗമാണ് രീതിഗൌള .

ആരോഹണം      :     സഗരിഗമനിധമനിനിസ
അവരോഹണം :      സനിധമഗമപമഗരിസ

കര്‍ണാടകസംഗീതശ്രേണിയിലേക്ക്  കടന്നാല്‍ രീതിഗൌളയില്‍ എനിക്കേറ്റവും പ്രിയം  പ്രസിദ്ധ സ്വാതിതിരുനാള്‍ കൃതി “പരിപാലയമാം ശ്രീ പദ്മനാഭ മുരാരേ” ആണ്. മുത്തുസ്വാമി ദീക്ഷിതരുടെ “ശ്രീ നീലോല്പലനായികേ” എന്ന കൃതിയും അതിസുന്ദരമായ മറ്റൊരു കമ്പോസിഷനാണ്.

എന്‍റെ തലമുറയ്ക്ക്  ഏറ്റവും സുപരിചിതവും എനിക്ക്‌ പ്രിയപ്പെട്ടവയുമായ രണ്ടു രീതിഗൌള സിനിമാ ഗാനങ്ങളാണ് “അഴകാന രാക്ഷസിയേ” (മുതല്‍വന്‍), “കണ്‍കള്‍  ഇരണ്ടാല്‍”  (സുബ്രഹ്മണ്യപുരം) എന്നിവ.  മലയാളസിനിമയിലും കുറേ ഉദാഹരണങ്ങളുണ്ട്- ഒന്നാം രാഗം പാടി (തൂവാനത്തുമ്പികള്‍- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്), പ്രണതോസ്മി ഗുരുവായുപുരേശം (സിന്ദൂരരേഖ -ശരത്), കണ്ടു ഞാന്‍ (അഭിമന്യു – രവീന്ദ്രന്‍), മാമവമാധവ മധുമാതി (ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍- ബോംബെ രവി), വരവായി തോഴി വധുവായി (അരികെ – ഔസേപ്പച്ചന്‍) എന്നിവ അവയില്‍ ചിലത് മാത്രം.

ഇശൈജ്ഞാനി ഇളയരാജയുടെ ഗാനങ്ങളാണ് രീതിഗൌളയില്‍ തമിഴ്ചലച്ചിത്രഗാനശാഖ യില്‍ കൂടുതലും ഉള്ളത്. ഇളയരാജ ഈണമിട്ട് എം . ബാലമുരളീകൃഷ്ണ ആലപിച്ച “ചിന്നക്കണ്ണന്‍ അഴൈകിറാന്‍” (കവിക്കുയില്‍) എന്ന പാട്ട് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. അത് പോലെ തന്നെ സ്വാതിമുത്യം എന്ന തെലുങ്ക് ചിത്രത്തിലെ, എസ്. പി. ബി പാടിയ “രാമാകനവേ മിരാ” മറ്റൊരു ഇളയരാജ ഹിറ്റാണ്. സുടും നിലവു (തമ്പി – വിദ്യാസാഗര്‍), കാതല്‍ നേരുപ്പേന്‍ (വെയില്‍- ജി.വി. പ്രകാശ്‌ കുമാര്‍) എന്നിവയാണ് പിന്നെ ഓര്‍മയിലേക്ക് വരുന്ന മറ്റു ഗാനങ്ങള്‍.

കര്‍ണാടിക് റോക്ക് ബാന്‍ഡ് ആയ ‘അഗം’ കമ്പോസ് ചെയ്ത ‘മിസ്റ്റിക്കല്‍ ആഭേരി’ രീതിഗൌളയുടെയും ആഭേരിയുടെയും ഒരു മനോഹര ബ്ലെന്‍ഡിംഗ് ആണ്.

വളരെ   സ്ട്രിക്റ്റ് ആയ ഒരു രാഗമാണെങ്കില്‍ക്കൂടിയും ലളിതസുന്ദര നിര്‍മിതികളാണ് നമ്മുടെ സംഗീതജ്ഞര്‍ രീതിഗൌളയില്‍ സമ്മാനിച്ചിരിക്കുന്നത്. കണ്ണുകളച്ച് ഈ രാഗത്തിന്റെ ആരോഹണവരോഹണങ്ങളുടെ ലയമാധുരിയില്‍ മതിമറക്കുമ്പോള്‍ അനിര്‍വചനീയമായ ഒരു അതീന്ദ്രിയാനുഭൂതി തന്നെയാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.

PC: musiccastle.in