രാഗവിചാരങ്ങള്‍ – 2

ragavicharangal_naatta_thyagaraja_thurannezhuthu

                                           വാത്സല്യരൂപിണീ നാട്ട

വാത്സല്യം തുളുമ്പുന്ന രാഗമാണ് നാട്ട രാഗം. ഒപ്പം ഭക്തിയും  പ്രതിഫലിപ്പിക്കുന്നു. ചടുലമായ കീര്‍ത്തനങ്ങളും ഗാനങ്ങളുമാണ് നാട്ടയില്‍ കണ്ടു വരാറുള്ളത്. വീരരസമാണ്  നാട്ട രാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

36മതു് മേളകര്‍ത്താരാഗമായ ‘ചലനാട്ട’യുടെ ജന്യരാഗമാണു് നാട്ട. ഋഷഭസ്വരമാണ് ജീവസ്വരം .
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിപമരിസ
.
ഏറെ സുപ്രസിദ്ധമായ “ജഗദാനന്ദകാരകാ” എന്ന ത്യാഗരാജകൃതി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ശ്രീരാമന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്ന, ത്യാഗരാജസ്വാമികളുടെ
പഞ്ചരത്നകൃതിയിലെ ഈ കീര്‍ത്തനം സംഗീതം കൊണ്ട് മാത്രമല്ല സാഹിതീഗുണം കൊണ്ടും സമ്പന്നമാണ്. മറ്റു ത്യാഗരാജകൃതികളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും
സംസ്കൃതത്തിലാണ്‌ പ്രസ്തുത കൃതി രചിക്കപ്പെട്ടിട്ടുള്ളത്. അത് പോലെ തന്നെ മുത്തുസ്വാമി ദീക്ഷിതരുടെ മഹാഗണപതിം, സ്വാമിനാഥപരിപാലയ എന്നീ കൃതികള്‍
രചിച്ചിരിക്കുന്നതും നാട്ടയിലാണ്. നാട്ട ഒരു തൃസ്ഥായിരാഗമായി പറയപ്പെടാറുണ്ട്. ഗണേശ സ്തുതികള്‍ ഒരുപാട് നാട്ടരാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

നാട്ട രാഗത്തില്‍ കുറേ ചലച്ചിത്രഗാനങ്ങള്‍ ഉണ്ട്. ‘ഇരുവര്‍’ എന്ന മണിരത്നം ചിത്രത്തിലെ “നറുമുഖൈയെ” എന്ന പാട്ട് നമ്മുടെ ഓര്‍മയില്‍ എക്കാലവും ഉണ്ടാവും.
കര്‍ണാടക സംഗീതത്തിന്റെ സാധ്യതകള്‍ സിനിമാപ്പാട്ടില്‍ സന്നിവേശിപ്പിക്കാന്‍ ഉള്ള എ ആര്‍ റഹ്മാന്റെ പ്രാഗത്ഭ്യം ഈ പാട്ടില്‍ കാണാം. ഉണ്ണികൃഷ്ണന്‍ പാടിയ ഭാഗം
നാട്ടയിലും ബോംബെ ജയശ്രീ പാടിയ ഭാഗം ഗംഭീരനാട്ടയിലുമാണ് ചെയ്തിരിക്കുന്നത്. വൈരമുത്തുവിന്‍റെ മനോഹരവരികള്‍ പാട്ടിന്റെ മാറ്റ് കൂട്ടുന്നു.
സംഗീതസംവിധായകന്‍ ദേവയുടെ പ്രിയപ്പെട്ട രാഗങ്ങളില്‍ ഒന്നായിരുന്നു നാട്ട. “ഭാഷ” എന്ന രജനിപ്പടത്തിലെ “തങ്കമകന്‍ ഇന്ട്രു” അതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ
മകന്‍ ശ്രീകാന്ത് ദേവ “ചെന്നൈ സെന്തമിഴ്” (എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി) എന്ന ഗാനം ചെയ്തിരിക്കുന്നതും നാട്ടയിലാണ്. മറ്റൊരു ജനപ്രിയ നാട്ട ഗാനമാണ്
“അയ്യന്‍ഗാര് വീട്ട് അഴകേ”. അന്യന്‍ എന്ന ഷങ്കര്‍ ചിത്രത്തിന് വേണ്ടി കമ്പോസ് ചെയ്തത് ഹാരിസ് ജയരാജ്‌.

മലയാളസിനിമയിലും കുറച്ചു പാട്ടുകളുണ്ട് നാട്ടയില്‍ – ‘ശ്രീരാമനാമം’ (നാരായം-ജോണ്‍സന്‍), ‘ഗോപാംഗനേ’ (ഭരതം-രവീന്ദ്രന്‍), ‘പൊന്‍പുലരൊളി പൂവിതറിയ’
(ഇത്തിരിപ്പൂവേ ചുവന്ന പൂവേ-രവീന്ദ്രന്‍), ‘തിരുവരങ്ങില്‍’ (ഉടയോന്‍-ഔസേപ്പച്ചൻ).

നാട്ടരാഗത്തിലെ ഗാനങ്ങള്‍ പാടി ഫലിപ്പിക്കാന്‍ പൊതുവേ ബുദ്ധിമുട്ടാണ്. ആലപിക്കാന്‍ നല്ല ശ്വാസനിയന്ത്രണവും വേണം.

 

Advertisements