ഒറ്റ രാത്രി കൊണ്ട് വീരനായകരായവര്‍!

ചിലപ്പോള്‍ ചിലരുടെ സമയം മാറാന്‍ ഒറ്റ രാത്രി മതി. ആ രാത്രിയില്‍ ഒരു വ്യക്തിയുടെ മാത്രമല്ല ഒരു പക്ഷെ ഒരു രാജ്യത്തിന്റെ തന്നെ ഭാഗധേയം മാറ്റിയെഴുതപ്പെട്ടെന്നു വരും. ചരിത്രത്തില്‍ അതിനു പല സാക്ഷ്യങ്ങളുമുണ്ട്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലും ഉണ്ട് അങ്ങനെ ഒറ്റ രാത്രി കൊണ്ട് വീരനായകര്‍ ആയവര്‍; ജന്മനാടിന്റെ അഭിമാനം ആയവര്‍. അങ്ങനെയുള്ള എട്ടു പേരെക്കുറിച്ച് :

1. റോജർ മില്ല, കാമറൂൺ [കാമറൂൺ vs കൊളംബിയ(1990)]
roger-milla
മുപ്പത്തിയെട്ടാം വയസ്സിൽ, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തന്‍റെ ആദ‍്യ തീരുമാനത്തിനു ശേഷം 1990ൽ കാമറൂണിന് വേണ്ടി ഇറ്റലിയിൽ നടന്ന ലോകകപ്പിൽ റോജർ മില്ല തിരിച്ചെത്തി. പ്രീക്വാർട്ടറിൽ കൊളംബിയയെയാണ് കാമറൂണിന് നേരിടേണ്ടി വന്നത്. നിശ്ചിത സമയത്തിനു ശേഷവും സമനിലയിൽ തുടർന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 106ാം മിനിറ്റിലായിരുന്നു മില്ലർ കാമറൂണിന് ലീഡ് സമ്മാനിച്ചത്. ഇടതുവിങ്ങിൽ നിന്ന് സ്വീകരിച്ച പാസ് കൊളംബിയൻ പ്രതിരോധക്കോട്ടയെ നിഷ്പ്രഭമാക്കിക്കൊണ്ട് പോസ്റ്റിന്‍റെ മധ‍്യത്തിലേക്ക് തൊടുക്കുകയായിരുന്നു. മൂന്നു മിനിറ്റിന് ശേഷം, വിഖ‍്യാതനായ ഗോളി ഹിഗ്വിറ്റയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത് ബോക്സിലേക്ക് കുതിച്ച് വീണ്ടും കൊളംബിയൻ വല കുലുക്കിയ മില്ലറെ ആർക്കാണ് മറക്കാനാവുക!
2. സാൽവതോർ ഷിലാചി, ഇറ്റലി [ഇറ്റലി vs ഓസ്ട്രിയ(1990)]
schillaci.jpg
തീർത്തും അപ്രതീക്ഷിതമായാണ് സാൽവതോർ ഷിലാചി എന്ന ടോട്ടോ ഷിലാചിയെ ഇറ്റാലിയൻ ടീമിൽ ഉൾപ്പെടുത്തുന്നത്. ഓസ്ട്രിയയുമായി ആയിരുന്നു ഇറ്റലിയുടെ ആദ‍്യ മത്സരം. സ്കോർ ചെയ്യാൻ നന്നെ വിഷമിച്ച ഇറ്റാലിയൻ പതിനൊന്നിലേക്ക് കോച്ച് വിചിനി ബെഞ്ചിൽ നിന്ന് ഷിലാചിയെ ഇറക്കി. 79ാം മിനിറ്റിൽ ജിയാൻലൂക്ക വിയല്ലിയുടെ ഒരു ഹൈ ക്രോസ്. കൃത‍്യമായി കണക്റ്റ് ചെയ്ത ഷിലാചിയുടെ ഹെഡർ ബുള്ളറ്റ് കണക്കെ ഗോൾകീപ്പർ ക്ലോസ് ലിൻഡൻബർഗറിനെ താണ്ടി വലയിലേക്ക്. ഇറ്റലി 1- ഓസ്ട്രിയ 0. ടൂർണമെന്‍റിൽ ആറു ഗോളോടെ ഗോൾഡൻ ബൂട്ടും ബെസ്റ്റ് പ്ലെയർ അവാർഡും കരസ്ഥമാക്കിയാണ് ഷിലാചി മടങ്ങിയത്.
3. മൈക്കൽ ഓവൻ, ഇംഗ്ലണ്ട് [ ഇംഗ്ലണ്ട് vs അർജന്‍റീന (1998)]
owen
ഫ്രാൻസിൽ നടന്ന 1998 ലോകകപ്പിലാണ് മൈക്കൽ ഓവൻ എന്ന കൗമാരക്കാരൻ സ്ട്രൈക്കറെ ലോകം അറിയുന്നത്. അർജന്‍റീനയ്ക്കെതിരായ മത്സരത്തിൽ 16ാം മിനിട്ടിൽ മൈതാനമദ്ധ‍്യത്തിൽ നിന്നുള്ള ബെക്കാമിന്‍റെ പാസ് വലങ്കാൽ കൊണ്ട് കണക്റ്റ് ചെയ്ത് ചടുലമായി ബോക്സിലേക്ക് കുതിച്ച് അർജന്‍റീനിയൻ പ്രതിരോധ നിരയെ കബളിപ്പിച്ചു കൊണ്ട് പോസ്റ്റിന്‍റെ ഇടത്തേ മൂലയിലേക്ക് കോരിയിട്ടു. നേരത്തെ ഓവൻ ഒരു ഫൗളിൽ നിന്നു കിട്ടിയ സ്വന്തം സ്പോട്ട് കിക്ക് അലൻ ഷിയററെക്കൊണ്ട് ഗോളാക്കിയിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിൽ അർജന്‍റീന മത്സരം ജയിച്ചെങ്കിലും ഫുട്ബോൾ പ്രേമികളുടെ മനം കവർന്നത് ഈ പതിനെട്ടുകാരൻ പയ്യനാണ്.
4. പാപാ ദിയോപ്പ് , സെനഗൽ [ സെനഗൽ vs ഫ്രാൻസ്(2002)]
papa diop
ദക്ഷിണ കൊറിയയിലെ സിയോളിൽ 2002 ലോകകപ്പിലെ ആദ‍്യ മത്സരം. ലോകചാമ്പ‍്യന്മാരായ ഫ്രാൻസിനെതിരെയായിരുന്നു സെനഗൽ തങ്ങളുടെ ആദ‍്യ ലോകകപ്പ് മത്സരം കളിക്കുന്നത്. തിയറി ഒണ്‍റി, ഡേവിഡ് ട്രെസഗെ, പാട്രിക് വിയേര, ലിലിയൻ തുറാം തുടങ്ങിയ മഹാരഥന്മാർ അണിനിരന്ന ഫ്രഞ്ച് പടയ്ക്കെതിരേ എതിരില്ലാത്ത ഒരു ഗോളിന് സെനഗൽ ജയിച്ചു കയറി. അങ്ങനെ സെനഗൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദായി. കളിയുടെ 30ാം മിനിട്ടിൽ ഇടതു വിങ്ങിൽ നിന്ന് എൽ ഹാജി ദിയൂഫിന്‍റെ പാസ് സ്വീകരിച്ച് പാപാ ദിയോപ്പ് ഫ്രഞ്ച് വല കുലുക്കി. ക്വാർട്ടറിലെത്തിയ ടീമിന്‍റെ ടോപ്പ് സ്കോററായി പിന്നീട് ദിയോപ്പ്.
5. ആൻ ജുങ് ഹ്വാൻ, ദക്ഷിണ കൊറിയ[ദക്ഷിണ കൊറിയ vs ഇറ്റലി(2002)]
ahn jung
2002 ലോകകപ്പിൽ ദ‍ക്ഷിണകൊറിയയെ ക്വാർട്ടർ ഫൈനലിലെത്തിച്ചത് ഇറ്റലിക്കെതിരേ ആൻ ജുങ് ഹ്വാൻ നേടിയ ഗോൾഡൻ ഗോളാണ്. നിശ്ചിത 90 മിനിറ്റ് കഴിഞ്ഞും 1-1 എന്ന നിലയിലായിരുന്നു ടീമുകൾ. 117ാം മിനിറ്റിൽ പെനാൽട്ടി ബോക്സിലേക്ക് വളഞ്ഞു വന്ന ഒരു ലോങ് ക്രോസ് ഹ്വാൻ കൃത‍്യമായി തല കൊണ്ട് ചെത്തി അസൂറിയൻ പോസ്റ്റിലേക്ക് ഇടുകയായിരുന്നു. ആ രാത്രി കൊറിയക്കാരുടെ സൂപ്പർ ഹീറോ ആയി മാറി ആൻ ജുങ് ഹ്വാൻ.
6. ജെയിംസ് റോഡ്രിഗസ്, കൊളംബിയ [കൊളംബിയ vs യൂറുഗ്വായ്(2014)]
AP APTOPIX BRAZIL SOCCER WCUP COLOMBIA URUGUAY S SOC WSOC WCUP BRA
കഴിഞ്ഞ ലോകകപ്പിൽ യൂറുഗ്വായ്ക്കെതിരായ കൊളംബിയയുടെ പ്രീ ക്വാർട്ടർ മത്സരം ആരും മറക്കാനിടയില്ല. കളിയുടെ 28ാം മിനിറ്റിൽ ആബേൽ അഗ്വിലാറിന്‍റെ ഒരു ഹെഡെഡ് പാസ് നെഞ്ചില്‍ കണക്റ്റ് ചെയ്ത് പെട്ടെന്ന് പോസ്റ്റിനഭിമുഖമായി വെട്ടിത്തിരിഞ്ഞ് റോഡ്രിഗസിന്‍റെ ഒരു ഇടങ്കാലൻ ഷൂട്ട്. ക്രോസ്ബാറിൽത്തട്ടി പന്ത് വലയിലേക്ക്(1-0). 50ാം മിനിറ്റിൽ റോഡ്രിഗസ് തന്നെ കൊളംബിയൻ ലീഡ് ഇരട്ടിയാക്കി.യുവാൻ ഗ്വിലർമോയുടെ പെനാല്‍ട്ടി ബോക്സിനകത്ത് നിന്നുള്ള ഹെഡെഡ് പാസിലൂടെ കൃത്യതയുള്ള ഒരു ക്ലോസ് റേഞ്ചർ ഷോട്ട്(2-0). ആ ലോകകപ്പിലെ തന്നെ പുത്തൻ താരോദയമാകുകയായിരുന്നു റോഡ്രിഗസ്.
7. ടിം ക്രുൽ ,നെതർലൻഡ്സ് [നെതർലൻഡ്സ് vs കോസ്റ്റാ റിക്ക(2014)]
Krul banner (1)
2014 ലെ ക്വാർട്ടർ ഫൈനൽ, സാൽവദോർ. ഏറ്റുമുട്ടന്നത് നെതര്‍ലന്‍ഡ്സും കോസ്റ്റാ റിക്കയും. ഇറ്റലി, ഇംഗ്ലണ്ട്, യൂറുഗ്വായ് എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ നിന്നാണ് കോസ്റ്റാ റിക്ക ക്വാർട്ടറിലേക്ക് കയറിയത് എന്നോര്‍ക്കണം. കളിയുടെ നിശ്ചിതസമയം കഴിഞ്ഞും എക്സ്ട്രാ ടൈം കഴിയാറായിട്ടും ഇരു ടീമുകളും സ്കോർ ചെയ്തിട്ടില്ല. തുടർന്ന് ഭ്രാന്തൻ നീക്കമെന്നോ കുശാഗ്രബുദ്ധിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു അടവാണ് ഡച്ച് കോച്ച് ലൂയി വാൻഗാൽ പ്രയോഗിച്ചത്. തന്റെ ആവനാഴിയിലെ ഒരു രഹസ‍്യായുധം അദ്ദേഹം പുറത്തെടുത്തു- റിസർവ് ബെഞ്ചിലിരുന്ന ടിം ക്രുൽ എന്ന ഗോളിയെ- അതും ഫൈനൽ വിസിലിന് വെറും 44 സെക്കന്‍ഡുകൾക്ക് മുമ്പ്. ജാസ്പർ സിലെസന് പകരം ടിം ക്രുൽ ഡച്ച് വല കാക്കാനെത്തി. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. കോസ്റ്റാ റിക്കയുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഷോട്ടുകൾ കൃത‍്യമായി തടുത്തിട്ട് ഈ ആറടി നാലിഞ്ചുകാരൻ ഡച്ചുകാരുടെ മിശിഹായായി മാറി. ഷൂട്ടൗട്ടിലെ (4-3) ജയത്തോടെ നെതർലൻഡ്സ് സെമിയിലേക്ക്.
8. മരിയോ ഗോട്സെ, ജർമനി [ജർമനി vs അർജന്‍റീന(2014)]
gotze-2
2014 ലോകകപ്പ് ഫൈനൽ – ജര്‍മനിയും അര്‍ജന്റീനയും നേര്‍ക്കുനേര്‍. ബ്രസീലിലെ മരക്കാന. 90 -ാം മിനിറ്റിലേക്ക് നീങ്ങുമ്പോഴും സ്കോര്‍ 0-0. ആ സമയത്ത് ജര്‍മനിക്ക് വേണ്ടി സബ്സ്റ്റിറ്റ‍്യൂട്ട് ആയി കളത്തിൽ ഇറങ്ങിയതായിരുന്നു അറ്റാക്കിങ് മിഡ്ഫീൽഡർ മരിയോ ഗോട്സെ. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളി അവസാനിക്കാൻ വെറും 7 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഗോട്സെയുടെ മാസ്മരിക ഗോൾ. ഇടതു വിങ്ങിൽ നിന്നുയർന്നു വന്ന ഷൂളിന്‍റെ പാസ് 3 അർജന്‍റീനിയൻ ഡിഫൻഡർമാരെയും കടന്ന് പെനാൽട്ടി ബോക്സിലേക്കെത്തി. അവിടെ തന്‍റെ നെഞ്ചിൽ പതുക്കെ പന്ത് കുഷ‍്യൻ ചെയ്ത് ഒരു തകർപ്പൻ ഇടങ്കാലൻ വോളി! 1-0! ജര്‍മനി ലോകചാമ്പ്യന്‍മാരാകുന്നു…

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.

search previous next tag category expand menu location phone mail time cart zoom edit close